ഗുരുവായൂരപ്പനെ കാണാൻ വീണ്ടും ഭാഗ്യം വന്നു. ഞാനും അനുജത്തിയും കുടുംബവും കൂട്ടുകാരിയും മകളും യാത്രക്ക് ഒരുങ്ങി. കണ്ണന്‍റെ അനുഗ്രഹം പോലെ നാലമ്പല ദർശനത്തിനുള്ള ഭാഗ്യവും ഉണ്ടായി. ഒരിക്കലും പ്രതീക്ഷിച്ചില്ല അവിടേക്ക് പോകാനുള്ള ഒരു അവസരം ഈ ദിനം ഉണ്ടാകുമെന്ന്. കൂടെ കൊണ്ടുപോകാൻ ആരും ഇല്ലല്ലോ അവിടെയാണ് ഈശ്വരന്‍റെ കരങ്ങൾ പോലെ എന്‍റെ അനുജത്തി കുട്ടി ടിക്കറ്റ് ബുക്ക് ചെയ്തു തന്നത്. ഞങ്ങൾ എട്ട് പേരുണ്ടായിരുന്നു രാവിലെ തന്നെ സീറ്റും റെഡിയായി. വളരെ വളരെ സന്തോഷം നിറഞ്ഞ നിമിഷം. വൈകുന്നേരത്തെ ട്രെയിൻ ഞങ്ങൾ യാത്ര പുറപ്പെട്ടു. 12 മണിക്ക് ഗുരുവായൂർ എത്തി. റൂം എടുത്തു കുളിച്ചു വസ്ത്രം മാറി കണ്ണനെ കാണാൻ വരിയിൽ കാത്തു നിന്നു. മാത്രമല്ല ഇന്ന് ഏകാദശി കൂടിയാണ്. 3 30 കഴിഞ്ഞപ്പോൾ ദർശനം കിട്ടി. ശംഖാഭിഷേക ദർശനമാണ് ഞങ്ങൾക്ക് കിട്ടിയത്. പൊന്നുണ്ണിക്കണ്ണനെ ഭംഗിയായി കണ്ടു തൊഴുതു. സന്തോഷത്തോടെ ഞങ്ങൾ നാലമ്പല ദർശനത്തിനായി KSRTC സ്റ്റാൻഡിൽ എത്തി. ഇതിനിടയിൽ മറ്റൊരു കാര്യം കണ്ണന്‍റെ മായാലീല പോലെ ട്രെയിനിൽ വച്ച് മൂന്ന് ചേച്ചിമാരെയും കിട്ടി. അവർക്കും നാലമ്പല ദർശനത്തിന് വരണം പക്ഷേ ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലായിരുന്നു. അവിടെയും കണ്ണൻ സഹായിച്ചു അവർക്കും നാലമ്പല ദർശനത്തിനുള്ള ഭാഗ്യം സിദ്ധിച്ചു. അഞ്ചുമണിക്ക് പുറപ്പെട്ടു. സന്തോഷം നിറഞ്ഞ യാത്രയും അനുഭവങ്ങളും. ആദ്യം തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം. ഞങ്ങൾ ചെന്ന് സമയം ശീവേലി ആയിരുന്നു. ആനപ്പുറത്ത് ഭഗവാൻ എഴുന്നള്ളുന്നതും കാണാൻ ഭാഗ്യം കിട്ടി. ഒരുവിധ തടസ്സങ്ങളും കൂടാതെ ശ്രീരാമസ്വാമി ദർശനവും കിട്ടി. പിന്നീട് കൂടൽമാണിക്യം ഭരത ക്ഷേത്രം. അത്രയ്ക്ക് വലിയ ക്ഷേത്രം ക്ഷേത്രക്കുളം എല്ലാം ഒരത്ഭുതമായിരുന്നു. ഭരത സ്വാമിയെ കണ്ടു തൊഴുതിറങ്ങി. നേരെ തിരുമൂഴികുളം ലക്ഷ്മണസ്വാമി ക്ഷേത്രം. ഭഗവാനെ തൊഴുതു. സന്തോഷം നിറഞ്ഞ മനസ്സോടെ നേരെ പായമ്മൽ ശത്രുഘന സ്വാമി ക്ഷേത്രം. ഭഗവാനെ കണ്ടു തൊഴുതിറങ്ങി. അന്നദാന വരിയിൽ തിരക്കായതിനാൽ തൊട്ടടുത്ത ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി. നമ്മുടെ വയറും മനസ്സും നിറയുന്ന രീതിയിലാണ് അവിടെ നമുക്ക് ആഹാരം തന്നത്. ഒരു തടസ്സങ്ങളും വരുത്താതെ എല്ലാ ഭക്തരെയും അനുഗ്രഹിച്ച ഗുരുവായൂരപ്പന് നന്ദി പറഞ്ഞു വീണ്ടും ഞങ്ങൾ ഗുരുവായൂരിലേക്ക് യാത്രയായി. തിരിച്ചുപോകും വഴി തൃപ്രയാർ കടന്നപ്പോൾ നമ്മുടെ ബസ് കണ്ടക്ടർ പറഞ്ഞു. തൃപ്രയാർ ശ്രീരാമസ്വാമിയോട് സഹോദരന്മാരെല്ലാവരും സുഖമായിരിക്കുന്നു എന്ന് പറയുവാൻ. ആ വാക്കുകൾ പറഞ്ഞപ്പോൾ തന്നെ എന്തെന്നില്ലാത്ത സന്തോഷത്താൽ കണ്ണുകൾ നിറഞ്ഞൊഴുകി. അങ്ങനെ ഞങ്ങൾ ഗുരുവായൂർ എത്തി. ഞങ്ങളെ സുരക്ഷിതമായി കൊണ്ടുപോവുകയും തിരിച്ചെത്തിക്കുകയും ചെയ്ത സ്നേഹനിധികളായ കണ്ടക്ടർക്കും ഡ്രൈവർക്കും എല്ലാവരും നന്ദിയും സ്നേഹവും ഗുരുവായൂരപ്പന്‍റെ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്നും, ഇനിയും വരും വർഷങ്ങളിൽ കണ്ടുമുട്ടാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ എന്‍റെ നാലമ്പല ദർശനം പൂർത്തിയാക്കി.