കണ്ണന്റെ തുളസി
Aug 09, 2023
| Manu Mahesan
എന്റെ ഒരു അനുഭവ കഥയാണ്. വീട്ടിൽ ധാരാളം തുളസിച്ചെടികൾ ഉണ്ടായിരുന്നു. ക്ഷേത്രത്തിലേക്ക് മാല കെട്ടാനും അയൽവീട്ടിൽ ഉള്ളവർക്ക് അസുഖങ്ങൾക്ക് ആവശ്യത്തിനും തുളസി ചെടിയെ ആശ്രയിച്ചിരുന്നു.അങ്ങനെ നാൾ കഴിയുന്നതി ന നുസരിച്ച് തുളസിച്ചെടികൾക്ക് നാശവും സംഭവിച്ചു. വെയിലിന്റെ ചൂടൊക്കെ കൂടി വന്നപ്പോൾ എല്ലാം അപ്രത്യക്ഷമായി. ധാരാളം തുളസി നിന്നിരുന്ന എന്റെ വീട്ടിൽ ഒരു തുളസി ഇല പോലും നുള്ളി വിളക്കിന് വയ്ക്കാൻ കഴിയാതെയായി. ദിവസങ്ങൾ കഴിഞ്ഞു.ഒരു ദിനം, മനസ്സിൽ തുളസിച്ചെടിയുടെ ഓർമ്മ വന്നു. ഏതായാലും തുളസി നിന്നിരുന്ന സ്ഥാനത്ത് ഒക്കെ ഒന്ന് നോക്കാം,എന്ന് തോന്നി. അങ്ങനെ ചെടികൾക്കിടയിൽ നോക്കുന്ന നേരത്ത് ഒരു തുളസി കണ്ണിൽപ്പെട്ടു. വല്ലാത്ത സന്തോഷത്തോടെ അടുത്ത് നോക്കിയപ്പോൾ അതൊരു തഴുതാമ ചെടി ആയിരുന്നു. വല്ലാത്ത സങ്കടം തോന്നി. എന്റെ കണ്ണാ ഒരു തുളസി പോലും ഇവിടെങ്ങും ഇല്ലല്ലോ!കണ്ണന് ഒരു ഇല കൂടി നുള്ളി വയ്ക്കാൻ ഇല്ലല്ലോ എന്ന് കണ്ണനോട് പറഞ്ഞു. തിരികെ വീട്ടു ജോലികളിലേക്ക് കടന്നു.ആ നിമിഷം അടുത്ത വീട്ടിലെ അമ്മ അവിടേക്ക് വന്ന് എന്നെ വിളിച്ചു. തുളസി ഉണ്ടോ മോളെ ഇവിടെ എന്ന് ചോദിച്ചു.അമ്മേ തുളസി എല്ലാം വെയിൽ കൊണ്ട് കരിഞ്ഞു പോയി, ഞാൻ ചിന്തിച്ചത് അമ്മയ്ക്ക് തുളസിയില ആവശ്യമുണ്ടെന്നാണ്. അത്ഭുതം എന്നൊക്കെ പറയും പോലെ ഒരു തുളസി ആഗ്രഹിച്ച എനിക്ക് ഒരു പിടി തുളസി തൈകൾ അമ്മ തന്നു. സത്യമോ, മിഥ്യയോ ഒരു നിമിഷം ഞാൻ അത്ഭുതത്തോടെ നോക്കി നിന്നു. എന്റെ മനസ്സറിഞ്ഞ് കണ്ണൻ ഇത്രവേഗം ഇങ്ങനെ മായ കാട്ടിയോ, ആ നിമിഷത്തെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. എന്റെ കണ്ണനു മാത്രമേ അത് അറിയൂ. ആശ്രയിക്കുന്നവരെ കൈവിടില്ല എന്ന് മനസ്സിലാക്കി തന്നു, തുളസിച്ചെടി യിലൂടെ. കണ്ണന് അത്ര പ്രിയപ്പെട്ടതാണ് തുളസി....
"കണ്ണന്റെ തുളസി ".
writing at preeya
ഹരേ കൃഷ്ണാ 🙏